Tuesday, December 24, 2013

~ ~ മോചനം ~ ~

സമ്പത്തിനും ആഡംബരങ്ങൾക്കും പണ്ടേ പ്രസിദ്ധമായ കുടുംബം..
രണ്ടിലും വലിയ തത്പരനല്ലാത്ത അയാൾ കൃഷിയും പുരോഹിതവൃത്തിയും ചെയ്ത്‌ കഴിഞ്ഞുകൂടി വന്നത്‌  അവൾക്ക്‌ വലിയ സന്തോഷങ്ങൾ നൽകിയിരുന്നില്ല.

അഭിജാത കുടുംബത്തിൽ പിറന്ന അവൾക്ക് സ്ഥാനവലിപ്പങ്ങളും‌  ധനസുഖങ്ങളും ലഭിക്കാത്തിടത്ത്‌ വിമ്മിഷ്ടങ്ങളുണ്ടായി.

ഒരു വേനൽക്കാലദിനത്തിലായിരുന്നു ഏകാന്തത ഇഷ്ടപ്പെടുന്ന അയാളെ തീർത്തും ശൂന്യതയിൽ എത്തിച്ചുകൊണ്ടവൾ യാത്ര പറഞ്ഞത്‌.

" നിന്റെ ഹൃദയത്തിൽ ഒരിടം നേടാൻ പോലും അർഹതയില്ലാത്ത ഞാൻ ഇത്രയും വർഷങ്ങളിലെ നിന്റെ സേവനത്തിന്റെ കടം എങ്ങനെ വീട്ടണമെന്ന് വ്യാകുലപ്പെടുകയാണു ...
ഭാഗ്യങ്ങളിലും പ്രശസ്തികളിലും തത്പരനല്ലാത്ത എന്റെ കൂടെ ഇത്രകാലം വ്യർത്ഥമായി  ചിലവിട്ട നിന്നോട്‌ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതു പോലും ഔചിത്യമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല "

കയ്യിൽ താലം കണക്കെ നിവർത്തിവെച്ച പുസ്തകത്താളിലേക്ക്‌ കണ്ണോടിച്ചുകൊണ്ടയാൾ പരിതപിച്ചു.

" എന്റെ വിധിയെ മാറ്റാൻ  നിങ്ങൾക്കായില്ല.,അതുകൊണ്ട്‌ ഞാനതിനു മുതിരുന്നു..
എന്നോടുള്ള കടം നിങ്ങൾക്ക്‌ ധനമൊ പ്രതാപമൊകൊണ്ട്‌ വീട്ടാനാവില്ല എന്നതുകൊണ്ട്‌ പശ്ചാത്താപംകൊണ്ട്‌ ശ്രമിക്കൂ..
അതുമല്ലെങ്കിൽ പുരുഷനു വിധിക്കാത്ത കണ്ണീരാൽ കടം വീട്ടി ഒരു അപൂർവ്വ കഥ അധികാരികൾക്കും കുടുംബങ്ങൾക്കും കാഴ്ച്ചവെക്കൂ..

അവളപ്പോഴേക്കും പടിക്കെട്ടുകൾ ഇറങ്ങിക്കഴിഞ്ഞിരുന്നു.

ഭാര്യാവിയോഗത്തിൽ തകർന്ന് ജീവിതം ദുസ്സഹമാക്കുവാൻ തത്പരനല്ലാത്ത അയാൾ " അവളിലെ സ്ത്രീ " എന്ന പേരിൽ ഒരു കവിത കൂടി കനത്ത പുസ്തകത്താളുകളിൽ എഴുതിച്ചേർത്തു.

സ്വതന്ത്രനായ അയാളോട്‌ ഭർത്താവുദ്യോഗസ്ഥർക്ക്‌  അസൂയ മൂത്തു..
ഭാര്യ നഷ്ടപ്പെട്ടവർക്ക്‌ അയാളോട്‌ സഹതാപവും..!

No comments:

Post a Comment