Wednesday, April 25, 2012

പരീക്ഷണം..!


“നിനക്ക് എന്താണ്  വേണ്ടതെന്ന്  എനിയ്ക്കറിയുന്നില്ല..
നിന്നെ ഞാൻ വീട്ടു തടങ്കലിൽ  തളയ്ക്കുന്നു..”

അങ്ങനെ ജിന്ന വീട്ടു തടങ്കലിലായി..!

ആ ഇടയ്ക്ക് ജിന്നയുടെ ആങ്ങള വിവാഹിതനായി..
അന്ധകാരത്തിൽ പിടഞ്ഞ്  മരിയ്ക്കാറായ  ജിന്നയ്ക്ക് താത്കാലിക മോചനം തരമായി..!
“എന്തിനവളെ അഴിച്ചു വിട്ടു..”..??
ഏടത്തിയുടെ ഭർത്താവും, വല്ല്യമ്മാവനും, വേണ്ടപ്പെട്ടവരല്ലാത്ത കാർന്നവന്മാരും ദാസനും നെറ്റി ചുളിച്ചു..
“മുറിയ്ക്ക് ദീനങ്ങളുടെ മണം..
ഒരു പരീക്ഷണം..,
അവൾ നല്ല പോലെ ആടും..പാടും…പിന്നെ പൊട്ടിച്ചിരിയ്ക്കും..
നല്ല പോലെ കുളിച്ചാൽ സുന്ദരിയാണ് താനും..
കുട്ടികളുടെ കളികൾക്കും ചിരികൾക്കും അപ്പുറം ഒരു മംഗള കർമ്മം നടക്കാൻ പോണു എന്ന വിളംഭരം ഇവൾക്ക് നൽകാനാവും..
ഒരു സർക്കസ്സ് കൂടാരത്തിൽ ഒരു കോമാളി നിർബന്ധം..
ഒരു കൌതുക വസ്തു എന്നതിനപ്പുറം ഒരു കോമാളിയായി ഇവൾ തന്നെ സൽക്കാര കർമ്മങ്ങൾ നടത്തട്ടെ..”

“നോക്കൂ…ഞാൻ വെടുപ്പായി തേച്ചുരച്ച് കുളിച്ചു,
എന്നെ കാണാൻ ഇപ്പോൾ ചന്തം വെച്ചുവോ..?”

ജീന പൊട്ടിച്ചിരിച്ചു…!

((…ഭീരു...))


ഭീരുത്വം എന്നാൽ..?


ഓ..അങ്ങനെ പ്രത്യേകായി വിവരിയ്ക്കാൻ അറിയില്ല..
എന്നാലും, നിയ്ക്ക് തോന്നുന്നു..
കുരയ്ക്കും പട്ടി കടിയ്ക്കില്ലത്രെ…അതായിരിയ്ക്കും…
ഹ്മ്മ്മ്…ചങ്കൂറ്റം ഇല്ലാത്തവൻ എന്ന്…അല്ലേ..
അതെ…വാലില്ലാത്ത പട്ടികൾക്ക് ചങ്കൂറ്റമില്ലത്രെ..
വാലില്ലെങ്കിൽ വേണ്ടാ…
നട്ടെല്ലെവിടെ..?
ഓ….അതോ…
അത് അഭിമാനം എന്ന ശസ്ത്രക്രിയ വാലയും തലയും പല്ലും നഖവും നട്ടെല്ലും...

!...തണൽ…!





“ഒടുക്കത്തെ ദാഹം…
ഹൊ…തൊണ്ട വരളുന്നു..”


“എന്തിന്…??
സമൃദ്ധിയാം വളരും തരു നിരകളുടെ തണലിൽ വസിയ്ക്കും നിന്റെ രോദനം പോലും എന്നിൽ പരിഹാസം ഉണർത്തുന്നു..
നിർത്തുക നിന്റെ പുലമ്പലുകൾ…”!
“ഉം…എന്തു ചെയ്യാം..
ഇവിടെ ഈ വൃക്ഷങ്ങളുടെ തണലിൽ കെട്ടിപ്പടുത്ത കൂടാരാത്തിനുള്ളിൽ അന്തിയുറങ്ങുമ്പോൾ
‘ഇത് കല്ലറയല്ലേ..’ എന്ന ഉൾഭയം മായുന്നതേയില്ല..!
മരണാനന്തരം ഒരു ജന്മമുണ്ടെന്ന മൂഡ്ഡ വിശ്വാസത്തിന്മേൽ ഒരു പക പോക്കലിനായ് ഇറങ്ങി തിരിച്ചതായിരുന്നു…!
എന്നാലിവിടം എത്തിപ്പെട്ടപ്പോൾ അറിയുന്നൂ ഞാൻ..
വിരലുകൾ പോലും ചലിപ്പിയ്ക്കാനാവാതെ,
കൺപോളകൾ പോലും തുറന്നടയ്ക്കാനാവാതെ,
ചുറ്റിനും കൂരിരുട്ടും..
എല്ലുന്തിയ തൊണ്ടയുടെ വരൾച്ചയും..
ഉഷ്ണവും..വിയർപ്പിൻ ഗന്ധവും മാത്രം…!
ഈ തണൽ മരങ്ങൾക്കു ചുവട്ടിൽ ഞാൻ വീർപ്പുമുട്ടുന്നു…!

വാചാലമാകുന്ന പാനീയം…!


ഈ ചുട്ടു പൊള്ളുന്ന വേനലിനെ ഞാൻ എങ്ങനെ സഹിയ്ക്കും..?
രക്ത ചവർപ്പും വിയർപ്പിൻ ഉപ്പുംപിന്നെകണ്ണുനീരിന്റെ  ഉപ്പോ..?
ഊഹും..അല്ല….കണ്ണീരിന്റെ കയ്പ്പ്..

“നീ ആ കയ്പ്പു നീർ കുടിയ്ക്കാതെ വരൂ..
ശിതീകരിച്ച മുറിയിലിരുന്ന്  തണുത്ത പാനീയം കുടിയ്ക്കാം..”
വെറുമൊരു പാഴ്വാക്കായിരിയ്ക്കുമോ എന്നു പോലും ചിന്തിയ്ക്കാതെ അനുഗമിച്ചു..
ശ്രുതി മധുര സംഗീതം..
ഉഷ്ണ സഞ്ചാരത്തിന്  പൊറുതി..
“മിത്രമേ..സന്തോഷം തോന്നുന്നു..എനിയ്ക്ക് നിന്നോട് അളവില്ലാത്ത സ്നേഹം തോന്നുന്നു..”
പൊള്ളിയ മനസ്സിനെ ആരോ തലോടുന്നു 
ആരുടേയൊ സാന്നിദ്ധ്യം അറിഞ്ഞതാണ്..
മുഖമുയർത്തിയപ്പോൾ മുന്നിൽ ഒരു നോട്ട്പാഡുമായി അവൻ നിൽക്കുന്നു..
“നിനക്ക് ഞാൻ എന്ത് കുറിച്ചു തരും..”എന്ന് മിഴികളുയർത്തി ആരാഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു,,,
ഹേയ് പെണ്ണേ..നിന്റെ ദാഹം തീർക്കാനുള്ള പാനീയം എന്റെ മൺകലത്തിൽ നിറച്ചു വെച്ചിരിയ്ക്കുന്നു..
നിനക്കു വേണ്ട പാനീയത്തിന്റെ പേർ നിനക്ക് നൽകാം..
കത്തി ജ്വലിയ്ക്കുന്ന നിന്റെ മനസ്സിന് കുളിരേകാനും വരണ്ട് പൊട്ടിയ തൊണ്ടയെ നനയ്ക്കുവാനുമുള്ള പാനീയം  നിനക്ക്  എത്തിയ്ക്കാം ഞാൻ..”
അവന്റെ കണ്ണുകൾ എന്നൊട് സംസാരിയ്ക്കുകയാണ്..
ഹൊപരഹൃദയം അറിയുന്നവൻ!

“എന്താണിത്…എന്തേ ഇവൻ ഇങ്ങനെ..”?
മിത്രം പറഞ്ഞു..
“അവൻ സംസാരിയ്ക്കില്ല..
അവൻ മാത്രമല്ലഇവിടെയുള്ള മിക്ക ജീവനക്കാരും..
 അവർക്കൊരു ഉപജീവനംഅതു കൂടി ലക്ഷ്യമാക്കി പ്രവൃത്തിയ്ക്കുന്ന ഒരു കൂൾബാറാണിത്..”
 അവൻ കാത്തു നിൽക്കുന്നു 
അവന്റെ നോട്ട്പാഡിൽ ഞാൻ കുറിച്ചു,,
“എനിയ്ക്കു ചുറ്റുമുള്ളവർ തണുത്ത പാനീയങ്ങൾ ഊറ്റി കുടിച്ച്, വിയർപ്പ് തുടച്ച് ഇറങ്ങി പോകുന്നു..
അവർ ശാന്തരാണ് താനും..
എന്തേ എനിയ്ക്ക് മാത്രം ഭ്രാന്ത് പിടിയ്ക്കുന്നു..?
മൌനം കൊണ്ട് പുതച്ചവനേ പറയൂ 
മൌനം ആവരണമാക്കിയവനേ പറയുക നീ 
തുരുമ്പിച്ച എന്റെ മനസ്സിന് മാത്രം എങ്ങനെ തുള വീണു..?

അവൻ ആ കുറിപ്പെടുത്തു നീങ്ങി..
നിമിഷങ്ങൾക്കകം മുന്തിരിച്ചാറുമായി വന്ന അവന്റെ ട്രേയിൽ  മറ്റൊരു കുറിപ്പും നാല് മടക്കുകളായി തിരുകി വെച്ചിരിയ്ക്കുന്നു…
അവന്റെ പുഞ്ചിരിയ്ക്കുന്ന വായ് മൊഴികൾ…അക്ഷരത്തുള്ളികൾ…അക്ഷര ചാറ്…!
ആർത്തിയോടെ അവന്റെ അക്ഷരകൂട്ടങ്ങളെ മുന്തിരി ചാറിനോടൊപ്പൊം മോന്തി..
അവൻ പറഞ്ഞു..
പെണ്ണേ,,നീ എന്നിൽ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു പോയി..
എന്നാൽ പിന്നെ ഞാൻ മനസ്സിലാക്കി നിന്റെ പ്രണയം എന്റെ മൌനത്തിനോടാണെന്ന്..
ഉഷ്ണം പെരുത്ത് പൊള്ളുന്ന നിന്റെ മനസ്സ് എന്റെ ശിതീകരിച്ച മൌനത്തെ പ്രണയിച്ചു,
തിളയ്ക്കുന്ന ഈ വേനലിൽ ഞാൻ ജീവിതം വെന്ത് തീർക്കുമ്പോൾ നീ നിന്റെ കത്തുന്ന ഉള്ളത്തെ മൌനം വിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു..
നീ പ്രണയിയ്ക്കുന്ന എന്റെ മൌനം വാചാലമെന്ന് ഉൾക്കൊണ്ട നിനക്ക് ഞാൻ എന്റെ സ്നേഹം നൽകുന്നു..”

പടികൾ ഇറങ്ങുമ്പോൾ ഓർത്തു..
എത്ര സത്യം…ഞാൻ പ്രണയിച്ചത് അവന്റെ മൌനത്തെ ആയിരുന്നു..!

Saturday, March 10, 2012

സുന്ദരിയാ…*!













നിഴലിനെ നോക്കി ഇരിയ്കായിരുന്നു..

എന്തു ഭംഗിയാ എന്നെ കാണാൻ..!

“വീതിയുള്ള നെറ്റിത്തടത്തിൽ കാലിടറി വീണ് ചാർത്തി തന്ന ചന്ദ്രകലയും..

കൂട്ട പുരികങ്ങളുടെ ഇഴുകിയ കറുപ്പും..

ഇടത് മൂക്കിനു കീഴിലെ കാക്കാപുള്ളി എന്ന് തോന്നിപ്പിയ്ക്കും അരിമ്പാറയും..

മേൽച്ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളും..

ഹൊ…! അവർണ്ണനീയം ഈ സൌന്ദര്യം.

പാതിരായ്ക്ക് ഉദിച്ച പൌർണ്ണമി പോലെ..!”

“നിന്റെ നെറ്റിയിൽ വെള്ളിക്കമ്പികൾ പാറി കളിയ്ക്കുന്നു..

ധീരമായ് ചിരിയ്ക്കുന്ന നിന്റെ ചുണ്ടുകൾ വിറയ്ക്കുന്നതെന്തിന്..?“

പൊട്ടിച്ചിരികൾ കൊണ്ടൊരു പിൻ വിളി..!

“ഊഹും..,

“എന്തേ കുട്ടീ…നീ മാത്രം ഇങ്ങനെ ഒരു കണ്ണിനും പിടിയ്ക്കാത്തവളായി “..

പെറ്റ ഹൃദയത്തിന്റെ വിതുമ്പലുകൾ …………………..

……………………………………………………………………….!

!...മണി മുത്തു മാലകൾ...!













നീണ്ട കഴുത്തു നിറയെ മണി മുത്തു മാലകൾ അണിഞ്ഞ ജിന്നയെ കൌതുകത്തോടെ നോക്കി..

രാത്രി ഉറങ്ങാൻ നേരവും അവളത് അഴിച്ചു വെയ്ക്കില്ലത്രെ..

“നിന്റെ തന്നെ കരങ്ങൾക്കുള്ളിൽ പെട്ട് ആ മുത്തുമാലകൾ മെത്തയിൽ പൊട്ടിച്ചിതറി ഉറക്കം അസ്വസ്ഥമാക്കില്ലേ…?”

പിന്നേയും കൌതുകം..

ജിന്ന ചെരിഞ്ഞു നോക്കി പുഞ്ചിരിച്ചു..

“ എന്റെ മണി മുത്തു മാലകൾ എന്റെ തന്നെ കരങ്ങൾക്കുള്ളിൽ കെട്ടു പിണഞ്ഞ് പൊട്ടി പോകാതിരിയ്ക്കാൻ എന്റെ കണ്ണുകൾ ഞാൻ രാത്രി കാലങ്ങളിൽ പോലും തുറന്നു വെയ്ക്കുന്നു..

കാക്ക കൂട്ടിൽ കല്ലെറിഞ്ഞപ്പോഴത്തെ പോലെ ചിതറി തെറിച്ചു പോയ എന്റെ സ്വപ്നങ്ങളെ നോക്കി രസിയ്ക്കുകയാണ് എല്ലാവരും,,

മങ്ങിയ വെട്ടത്തിൽ ഞാനവയെ മുത്തുകളാക്കി പെറുക്കിയെടുത്ത് കോർത്തണിയുന്ന മാലകളാ ണ് എന്റെ അലങ്കാരം...

എന്റെ മെത്തയെ പോലും നോവിപ്പിയ്ക്കുന്നത് പൊട്ടിച്ചിതറി പോയ വൈകാരിക ബന്ധങ്ങളാണ്..

മുത്തുമണി മാലകൾ അണിയുമ്പോൾ ഞാൻ തനിച്ചാ ണ്..
ഒരു “സ്ത്രീ അവകാശ സ്വാതന്ത്ര്യം“ എന്നെ വളർത്തുന്നു അപ്പോൾ…!

~~~ (അവൾ ) ~~~






അവൾ ഇടയ്ക്ക് നിശ്ശബ്ദയായി ..

അനക്കമില്ലാത്ത കൽ പ്രതിമ കണക്കെ ശ്വാസമടക്കി തിരിഞ്ഞു നിൽക്കും..

പിന്നെ അതിദ്രുതം പാഞ്ഞു വന്ന് അടുക്കി വെച്ച ചുമരോ എന്ന് തോന്നിയ്ക്കും പാറക്കൂട്ടങ്ങൾക്കിടയിൽ ഉയർന്നടിച്ച് തലത്തല്ലി കരയും..

ചിലപ്പോൾ ആ കണ്ണുനീർ തുള്ളികൾ ചിന്നി ചിതറി എന്നെ നനയ്ക്കാറുണ്ട്..

ആ ആർത്ത നാദങ്ങൾക്കിടയിൽ അവൾ പെട്ടെന്ന് പൊട്ടിച്ചിരിയ്ക്കാറുമുണ്ട്..

അതവളുടെ സംഗീതമാണ്..

ആ സംഗീതം ആസ്വാദിയ്ക്കാനാണ് ഞാൻ നിന്നെ ക്ഷണിച്ചത്..

കണ്ണുകളിൽ കനം തൂങ്ങി രാവേറെ ചെന്ന് നീ എത്തുമ്പോഴേയ്ക്കും അവളുടെ സംഗീതം ഇരമ്പലായി മാറിയിരിയ്ക്കും…

എന്തേ നീ വൈകുന്നു..

അവൾ നിനക്കുവേണ്ടി കാത്തു നിൽക്കില്ലെന്ന് അറിഞ്ഞു കൂടെ..?

*~~~ചിത്രശലഭമേ…നിന്നെ കാണാൻ..~~~*












ഉറങ്ങാന് കിടന്നതായിരുന്നു..

നിലാവിലൂടെ ഒഴുകിയെത്തുന്നു രാമഴ പാട്ടുകൾ..

മിന്നാമിനുങ്ങുകൾ ജനാലയിൽ തട്ടി രഹസ്യം പറഞ്ഞു,

നോക്കൂ..അപൂർവ്വ സുന്ദര കാഴ്ച്ച..

രാമഴയിൽ ഒലിച്ചിറങ്ങും നിലാ വെട്ടത്തിൽ അവൾ പാറി കളിച്ച് രസിയ്ക്കുന്നു..

ജനൽ തുറന്ന് ഞാനും അതിശയിച്ചു ,

“രാത്രിമഴയിൽ പൂമ്പാറ്റകൾ പറക്കുമോ…?”

പെട്ടെന്ന് വാല്യാക്കാരി വന്ന് ജനൽ പാളികൾ കൊട്ടിയടച്ചു..

“കുട്ടിയോട് എത്ര തവണ പറഞ്ഞിരിയ്ക്കുന്നു ,

ഇവിടെ മഴയൊന്നും പെയ്യുന്നില്ലാ…അടങ്ങി ഒതുങ്ങി കിടക്കാൻ..

മുപ്പതിലും മൂന്നിന്റെ പ്രകൃതാ…രണ്ട് മുഖങ്ങൾ…ഹ്മ്മ്മ്..

ഇന്ന് നൊസ്സ് അൽപ്പം കൂടീന്നാ തോന്നണത്..”

ആരും കാണുന്നില്ലല്ലോ എന്ന് അവർ ചുറ്റിനും നോക്കി…!

*!പൂരപറമ്പ് !*







തണുത്ത കാറ്റടിയ്ക്കുന്നൂ..

കൂട്ടിനായ് മഴത്തുള്ളികൾ വാരിച്ചിതറി കളിയാക്കുന്നൂ..

പുതപ്പിനുള്ളിൽ നിന്ന് വിറച്ചു കൊണ്ട് ഉറുമ്പ് തല പൊക്കി,

എന്തേ…എൻ പ്രിയൻ ഇനിയും എത്തീല്ലാ...!

‘ഹരിത സ്വപ്നം ‘എന്ന് മുറവിളി കൂട്ടും മനുഷ്യർ എന്റെ പ്രിയനെ കബളിപ്പിച്ച് കൊണ്ടു പോയി കാണുമോ..?

ഭയമാണ്…ഉള്ളിൽ തീയാണ്…!

ചീത്ത വിളികളുടേയും അടികലശങ്ങളുടേയും നടുക്കുന്ന സ്വരങ്ങൾ കാതിൽ തളച്ച് ഞെട്ടിയുണരുന്നു എന്ന് ന്റെ ആന എന്നും ഉൾഭയത്തോടെ പുലമ്പുന്നു..!

“”മാർച്ച് മാസമായി…..പൂരങ്ങളുടെ മാസമത്രെ…”“

!! മഴക്കാടുകൾ !!







എന്റെ വൃണങ്ങളിലെ നോവുകൾ നിങ്ങൾക്ക് ഉണക്കാനാകുമോ..

എന്റെ പ്രണയം ഭയന്നോടിയ ആനയെ കണ്ടെത്താൻ നിങ്ങൾക്കാകുമോ..

ഉറുമ്പ് തേങ്ങി..

പിന്നെ പിറുപിറുത്തു,

എവിടെ..എവിടുന്ന്..

മഴക്കാടുകൾ വെട്ടിത്തെളിച്ച ലോകമേ..

നിങ്ങൾ ഞങ്ങളുടെ പ്രകൃതിയെ വികൃതമാക്കി..

ഞങ്ങളുടെ പ്രണയം കളങ്കമുള്ളതാക്കി…!